Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1,500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു.
ഇതിനായുള്ള ലേലം 17ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
വിശദാംശങ്ങൾക്ക് www.finance.kerala.gov.in സന്ദർശിക്കുക.
Kerala
കൊച്ചി: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കരുത്തുപകരുന്ന 10,800 കോടി രൂപയുടെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കൊച്ചിയിൽ നടന്ന ചടങ്ങിലാണ് ദേശീയപാത, റെയിൽവേ, പെട്രോകെമിക്കൽ മേഖലകളിലെ പ്രധാന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചത്.
4,790 കോടി രൂപ ചെലവിൽ ആറുവരിയായി വികസിപ്പിച്ച ദേശീയ പാതയുടെ രണ്ട് പ്രധാന റീച്ചുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കാസർകോട് ജില്ലയിലെ തലപ്പാടി - ചെങ്ങള പാതയും (2,650 കോടി രൂപ), കോഴിക്കോട് ജില്ലയിലെ വെങ്ങളം - രാമനാട്ടുകര ബൈപാസുമാണ് (2,140 കോടി രൂപ) ഗതാഗതത്തിനായി തുറന്നുകൊടുത്തത്.
കൊച്ചി റിഫൈനറിയിൽ 5,500 കോടി രൂപ നിക്ഷേപത്തിൽ നിർമ്മിക്കുന്ന പോളിപ്രൊപ്പിലീൻ യൂണിറ്റിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. അമൃത് ഭാരത് പദ്ധതിയിലൂടെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയ ഷൊർണൂർ ജംഗ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശേരി റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും മോദി നിർവഹിച്ചു. ഷൊർണൂർ - നിലമ്പൂർ പാതയുടെ വൈദ്യുതീകരണവും, പാലക്കാട് - പൊള്ളാച്ചി പുതിയ ട്രെയിൻ സർവീസും മോദി നാടിന് സമർപ്പിച്ചു.
കൊല്ലം പടിഞ്ഞാറെ കല്ലടയിൽ സ്ഥാപിക്കുന്ന 50 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിംഗ് സോളാർ പ്ലാന്റിനും പ്രധാനമന്ത്രി തറക്കല്ലിട്ടു.
Kerala
തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
വിവിധ വകുപ്പുകളുടെ വികസന പദ്ധതികൾ ആറാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. ഇനി ആറാഴ്ച മാത്രമാണ് സർക്കാരിനു മുന്നിലുള്ളത്. ഇതിനകം ഇപ്പോൾ പ്രഖ്യാപിച്ചതും നടപ്പാക്കിവരുന്നതുമായ പദ്ധതികളെല്ലാം പൂർത്തിയാക്കണം. ഇനി പുതിയ പദ്ധതികൾ ബജറ്റിൽ മാത്രമാകും പ്രഖ്യാപിക്കുക. അത് അടുത്ത സാന്പത്തിക വർഷാരംഭം മുതൽ നടപ്പാക്കേണ്ടതാണ്.
ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള ജസ്റ്റീസ്. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകളിൽ ഇനി നടപ്പാക്കാനുള്ളവയും വേഗത്തിൽ തീർപ്പാക്കണം. നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നീട് പല കാര്യങ്ങളിലും ഇടപെടാൻ പെരുമാറ്റച്ചട്ടം തടസമാകും. ഈ സമയങ്ങളിൽ സെക്രട്ടറിമാരാകണം ഇത് കണ്ടറിഞ്ഞു നിർവഹിക്കേണ്ടത്. ഈ സമയങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുന്നത് അടക്കമുള്ളവ ഉണ്ടാകാൻ സാധ്യതയുണ്ട്.
ജനങ്ങളെ നേരിട്ടു ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങളിൽ ഉടനടി പരിഹാരം കാണാൻ സെക്രട്ടറി തലത്തിൽ ഇടപെടലുണ്ടാകണമെന്നും രണ്ടു മണിക്കൂറോളം നീണ്ട ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം മന്ത്രിസഭായോഗത്തിനു ശേഷം മന്ത്രിമാരുടെ യോഗം വിളിച്ചും വികസന പദ്ധതികൾ വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് വികസന പദ്ധതികൾ മന്ത്രിമാർ മുൻകൈയെടുത്ത് പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. നിയമസഭാ തെരഞ്ഞെടുപ്പു വിജ്ഞാപനം നേരത്തേ വരാൻ സാധ്യതയുള്ളതിനാൽ രണ്ടു മാസത്തിനകം പദ്ധതികൾ പൂർത്തിയാക്കാൻ മുന്നിട്ടിറങ്ങണമെന്നും മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം നിർദേശിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനം മന്ത്രിസഭായോഗത്തിലുണ്ടായില്ല. അതതു പാർട്ടികൾ വിശദമായി പരിശോധിച്ച ശേഷം ജനുവരി ആദ്യം ചേരുന്ന എൽഡിഎഫ് യോഗത്തിൽ വിശദമായി ചർച്ച ചെയ്യാമെന്നു നിർദേശിച്ചിരുന്നു. ഇതിനാൽ തദ്ദേശ തെരഞ്ഞെടുപ്പു പരാജയം ചർച്ചയായില്ല.
എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടു വികസന പദ്ധതികൾ മന്ത്രിമാർ നേരിട്ടിടപെട്ട് പൂർത്തിയാക്കണം. രണ്ടുമാസമാകും ഇനി സർക്കാരിനു മുന്നിൽ പ്രവർത്തിക്കാനുള്ളത്. തെരഞ്ഞെടുപ്പു വിജ്ഞാപനം വന്നാൽ പെരുമാറ്റച്ചട്ടം വികസന പദ്ധതികൾക്കു വിലങ്ങുതടിയാകും.
തദ്ദേശ തെരഞ്ഞെടുപ്പു വിജ്ഞാപനം വന്നശേഷം ഒരു മാസത്തിലേറെ സമയം പെരുമാറ്റച്ചട്ടത്തിന്റെ കാലമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സമയത്ത് മന്ത്രിസഭായോഗം ഉൾപ്പെടെ ചേർന്നിരുന്നില്ല. അഞ്ച് ആഴ്ചകൾക്കു ശേഷം ചേർന്ന മന്ത്രിസഭയിൽ 30-ലേറെ അജൻഡകളാണ് പരിഗണിച്ചത്.
ഈ സർക്കാരിന്റെ അവസാന ബജറ്റ് അവതരണത്തിനു മുന്നോടിയായുള്ള ബജറ്റ് ചർച്ചകൾ ധനമന്ത്രിയുടെ നേതൃത്വത്തിൽ തുടങ്ങിക്കഴിഞ്ഞു. ജനുവരി രണ്ടാംവാരത്തോടെ നിയമസഭാ സമ്മേളനം ചേരേണ്ടിവരും. ഗവർണർ ആർ.വി. ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങുന്ന സമ്മേളനത്തിൽ തുടർന്നുള്ള ആഴ്ചകളിൽ ബജറ്റ് അവതരണമുണ്ടാകും.
മൂന്നു മാസത്തേക്കുള്ള വോട്ട് ഓണ് അക്കൗണ്ട് പാസാക്കിയാകും പിരിയുക. മേയ് മാസത്തിൽ അധികാരത്തിൽ വരുന്ന പുതിയ സർക്കാരാകും സന്പൂർണ ബജറ്റ് അവതരിപ്പിക്കുക.